പതിവ് പോലെ തന്നെ ക്രീം
കളര്‍ യൂണിഫോം ഷര്‍ട്ട് മുഴുവന്‍ അഴുക്കാക്കി സ്കൂള്‍ ബസില്‍ വന്നിറങ്ങിയ എന്നെ അന്ന്
അമ്മ വഴക്ക് പറഞ്ഞില്ല. “നീ കിളക്കാനാണോ സ്കൂളില്‍ പോകുന്നേ....?” എന്ന പതിവ്
ചോദ്യവും ഉണ്ടായില്ല. വൈദ്യര്‍ അപ്പുപ്പന്‍റെ കടയിലെ ചില്ല് ഭരണിയിലിരുന്ന് ഗ്യാസ്
മിട്ടായി ചിരിച്ചാരുന്നു. അമ്മയോട് എത്ര കെഞ്ചിയാലും വാങ്ങി തരാറില്ല. ഒരു
വല്ലാത്ത നിശബ്ദത അവിടങ്ങനെ കെട്ടി കിടക്കുന്നുണ്ടായിരുന്നു. റോഡ് ക്രോസ് ചെയ്തു
വീട്ടിലേക്ക് നടക്കുന്നതിനിടയില്‍ സ്കൂളിലെ വിശേഷങ്ങള്‍ വാ തോരാതെ പറഞ്ഞു കൊണ്ടിരുന്ന
എന്നെ അമ്മ ഒന്ന് ശ്രദ്ധിച്ചത് പോലുമില്ല.
എന്നും രാവിലെ ഉറക്കമുണര്‍ന്നു
അച്ഛനെ കെട്ടി പിടിച്ചു കിടന്നു സ്കൂളില്‍ പോകുന്നില്ല എന്നാ പതിവ് പല്ലവിയും
അതിനെ തുടര്‍ന്ന്‍ “പള്ളിക്കുട കള്ളാ...” എന്ന വിളിയും മാറി വരുന്നേ
ഉണ്ടായിരുന്നുള്ളൂ.... പെട്ടെന്ന് വീടെത്തി. മുപ്പത്തി ഒന്ന് കല്‍പടവുകള്‍
എന്നുമവിടെ കാണുമോ എന്നാകുലതയില്‍ എന്നും വീട്ടിലേക്കുള്ള പടവുകള്‍ എണ്ണി കണക്ക് പഠിച്ചിരുന്നു.
അമ്മ പെട്ടെന്ന് പോയി സാരി ഉടുത്ത് ചെറിയച്ചന്‍റെ കുഞ്ഞ് മകള്‍ കിങ്ങിണിയേയും എടുത്ത്
പോകാനൊരുങ്ങി. എന്നോട് കുളിച്ച് ചായ കുടിക്കാനും പറഞ്ഞു. അമ്മയും കിങ്ങിണിയും
ചെറിയമ്മയും പോയി. ഒന്നും മനസ്സിലാകാതെ വാ പൊളിച്ച് ഞാനങ്ങനെ നിന്നു. കിങ്ങിണിക്ക്
സുഖമില്ല എന്ന് അമ്മമ്മ പറഞ്ഞു. സൂക്കേടായിട്ടും കിങ്ങിണി കരഞ്ഞില്ലല്ലോ.....
മഴക്കോളുണ്ടായിരുന്നു.....
റോഡില്‍ നിന്നും
ഉയരത്തിലായിരുന്നു വീട്. മുപ്പത്തി ഒന്ന് കല്‍പടവുകള്‍ കയറി വരണം. എന്നും
വൈകുന്നേരം ഏറ്റവും മുകളിലത്തെ പടവില്‍ ഇരിക്കും ഞാന്‍. അഖിലും അമ്മയും
അമ്പലത്തില്‍ പോകുന്നത് കാണാന്‍, അവന് ടാറ്റാ കൊടുക്കാന്‍. മഴ ചാറി തുടങ്ങി. ഒരു
ഓട്ടോറിക്ഷ വന്നു നിന്നു. ചെറിയമ്മ കരഞ്ഞു കൊണ്ടിറങ്ങി. അമ്മമ്മ പോയി പിടിച്ച്
കൊണ്ട് വന്നു. അമ്മയുടെ കയ്യിലായിരുന്നു കിങ്ങിണി. മഴച്ചാറ്റലില്‍ അവര്‍ പടവുകള്‍
കയറി വന്നു. അമ്മ എന്‍റെ മുഖത്തേക്കൊന്ന് നോക്കിയതെ ഉള്ളൂ...... കിങ്ങിണിയെ കട്ടിലില്‍
കിടത്തിയിട്ട് അമ്മ എന്നെയും കൂട്ടി ഒരു മുറിയിലേക്ക് പോയി. അമ്മ അപ്പോള്‍ പറഞ്ഞത്
എന്താണെന്ന് മനസ്സിലാക്കാന്‍ ഏറെ നേരമെടുത്തു. അമ്മ പറഞ്ഞു....
“മോന്‍ ഇനി ചെറിയമ്മയോട്
കിങ്ങിണിയെ പറ്റി ഒന്നും ചോദിക്കരുത്....”
കിങ്ങിണി എപ്പോഴും
ചിരിക്കും.... അന്നേരം കിങ്ങിണി ചിരിച്ചിട്ടില്ല..... നാലോ അഞ്ചോ മാസം പ്രായമേ
ഉള്ളൂ..... ആ ചിരി ഇനിയുണ്ടാകില്ല എന്നാണ് അമ്മ പറഞ്ഞത്.
രാത്രിയില്‍ ഒരുപാട് പേര്‍
വീട്ടിലേക്ക് വന്നു. അച്ഛന്‍ ജോലി കഴിഞ്ഞ് രാത്രിയില്‍. ചെറിയച്ചന്‍ അമ്മമ്മയെ
കെട്ടി പിടിച്ച് തറയിലിരുന്നു കരഞ്ഞു. കുന്തിരിക്കം പുകച്ചു. വല്ലാത്ത
ഗന്ധമായിരുന്നു.... ഇന്നും കുന്തിരിക്കം പുകച്ചാല്‍ കിങ്ങിണി വരും... ഇരുപ്പത്തി
രണ്ടാണ്ടുകള്‍ക്ക് ശേഷവും “ചേട്ടാ..” എന്ന്‍ വിളിച്ചുകൊണ്ട്. പിറ്റേന്ന് വെള്ള
തുണിയില്‍ കിങ്ങിണിയെ പുതച്ചു കെട്ടി ആ മുപ്പത്തി ഒന്ന്‍ പടവുകളിറങ്ങി അവര്‍
കൊണ്ട് പോയി.... ചെറിയമ്മ വല്ലാണ്ട് കരഞ്ഞു. എല്ലാരും... അമ്മയും ഞാനും എല്ലാരും.....
കിങ്ങിണിയുടെ ചിരി ഇന്നും ആ പടവുകളില്‍ ഓടി കളിക്കുന്നപോലെ തോന്നും. വെള്ള
തുണിക്ക് മൂടി കെട്ടാന്‍ പറ്റാതെ പോയ കിങ്ങിണിയുടെ ഓര്‍മ്മകള്‍...... എന്‍റെ
കുഞ്ഞ് പെങ്ങള്‍..... വിടരും മുമ്പ് കൊഴിഞ്ഞ് പോയ കുഞ്ഞ് മൊട്ട്......
Comments
Post a Comment