ചുമച്ച് വലിച്ച്
കയറ്റം കയറുന്ന ഒരു പഴയ KSRTC ബസ്സില്‍ വച്ചാണ് അയാളെ ഭൂതം പിടികൂടിയത് – കാലം –
ഭൂതകാലം. ഏതൊക്കെയോ വഴികളിലൂടെ – അയാള്‍ക്ക് പരിചിതമായ വഴികളിലൂടെ – കുന്നും മലയും
വയലും പുഴയും കടന്ന് ഭൂതം അയാളെ വലിച്ചിഴച്ചും തള്ളിയിട്ടും പിടിച്ചെഴുന്നേല്പ്പിച്ചും
കൊണ്ട് പോയി. അവസാനം ഒരു പറങ്കി മാവിന്റെ ചുവട്ടിലാണ് കൊണ്ടിട്ടത്. അവിടെ അയാളും
ദേവനും വിനയനും മരം കേറി കളിക്കുകയായിരുന്നു. പറങ്കി മാമ്പഴത്തിന്റെ വാസന.
ഒരുപാട് കാലം ആ പറങ്കി മാവിന്റെ ചുവട്ടില്‍ അവര്‍ കളിച്ചു. ദേവന് എത്തിപ്പെടാത്ത
ചില്ലകളില്ലായിരുന്നു അതില്‍. അതിലായിരുന്നു എപ്പോഴും. അതിനാലാകാം ഒരു രാത്രി
മുഴുവന്‍ ഒരു കയറിന്റെ അറ്റത്ത് ആ മരത്തില്‍ തന്നെ അവന് തൂങ്ങി ആടിയത്. വിനയനാണ്
ആദ്യം കണ്ടത്.
“ചിരിച്ചോണ്ടാടാ അവന്
പോയത്..... തെമ്മാടി.... വെള്ളത്തില്ലായിരുന്നു കുറേ നാളായി..... എപ്പഴും നാലാം
കാലില്‍....”
കഴിഞ്ഞയാഴ്ച്ച പാതിരാത്രി
മാരുതി മലയിലെ കാറ്റാടി പാറയുടെ തുഞ്ചത്ത് കേറി നാലാം കാലില്‍ നിന്ന് വിനയനാണ്
പറഞ്ഞത്. ഒരു നിമിഷം ദേവനാണോ ആ നില്‍ക്കുന്നത് എന്നയാള്‍ക്ക് തോന്നി. ഇടക്ക് അടിച്ച്
പൂസായി ദേവന് അയാളെ വിളിച്ചിരുന്നു. “ജീവിതത്തേക്കാള്‍ സുഗന്ധമുണ്ടാകും മരണത്തിന്”
എന്നും പറഞ്ഞു ഫോണ്‍ വെച്ചു. ദേവന് തൂങ്ങി ആടിയതിന്റെ പിറ്റേന്ന് വിനയനെ കാണാന്‍
ചെന്നിരുന്നത്രേ...... ഒന്ന് ചിരിച്ചിട്ട് പോകുകയും ചെയ്തെന്ന്..... അയാളുടെ ഫ്ലാറ്റിലും
ചെന്നിരുന്നു.... പച്ചക്ക്.....അവിടെ അവന് ഒറ്റക്കാണത്രേ.....
ബസ്സ് കയറ്റം കയറി
ഒരു കവലയ്ക്ക് മുന്നിലാണ് ചെന്ന് നിന്നത്.... കടകള്‍ക്ക് മുന്നിലും ഇലക്ട്രിക്
പോസ്റ്റിലുമൊക്കെ പോസ്റ്റര്‍ പതിച്ചിരുന്നു......
ആദരാഞ്ജലികള്‍
അയാള്‍ (52)
അയാളുടെ മുഖത്തും
ചിരിയായിരുന്നു. വിനയന് നാലാം കാലില്‍ പറങ്കിമാവിന്റെ ചുവട്ടിലുണ്ടായിരുന്നു.
Comments
Post a Comment