ചുമച്ച് വലിച്ച് കയറ്റം കയറുന്ന ഒരു പഴയ KSRTC ബസ്സില്‍ വച്ചാണ് അയാളെ ഭൂതം പിടികൂടിയത് – കാലം – ഭൂതകാലം. ഏതൊക്കെയോ വഴികളിലൂടെ – അയാള്‍ക്ക് പരിചിതമായ വഴികളിലൂടെ – കുന്നും മലയും വയലും പുഴയും കടന്ന് ഭൂതം അയാളെ വലിച്ചിഴച്ചും തള്ളിയിട്ടും പിടിച്ചെഴുന്നേല്പ്പിച്ചും കൊണ്ട് പോയി. അവസാനം ഒരു പറങ്കി മാവിന്റെ ചുവട്ടിലാണ് കൊണ്ടിട്ടത്. അവിടെ അയാളും ദേവനും വിനയനും മരം കേറി കളിക്കുകയായിരുന്നു. പറങ്കി മാമ്പഴത്തിന്റെ വാസന. ഒരുപാട് കാലം ആ പറങ്കി മാവിന്റെ ചുവട്ടില്‍ അവര്‍ കളിച്ചു. ദേവന് എത്തിപ്പെടാത്ത ചില്ലകളില്ലായിരുന്നു അതില്‍. അതിലായിരുന്നു എപ്പോഴും. അതിനാലാകാം ഒരു രാത്രി മുഴുവന്‍ ഒരു കയറിന്റെ അറ്റത്ത് ആ മരത്തില്‍ തന്നെ അവന് തൂങ്ങി ആടിയത്. വിനയനാണ് ആദ്യം കണ്ടത്. “ചിരിച്ചോണ്ടാടാ അവന് പോയത്..... തെമ്മാടി.... വെള്ളത്തില്ലായിരുന്നു കുറേ നാളായി..... എപ്പഴും നാലാം കാലില്‍....” കഴിഞ്ഞയാഴ്ച്ച പാതിരാത്രി മാരുതി മലയിലെ കാറ്റാടി പാറയുടെ തുഞ്ചത്ത് കേറി നാലാം കാലില്‍ നിന്ന് വിനയനാണ് പറഞ്ഞത്. ഒരു നിമിഷം ദേവനാണോ ആ നില്‍ക്കുന്നത് എന്നയാള്‍ക്ക് തോന്നി. ഇടക്ക് അടിച്ച് പൂസായി ദേവന് അയാളെ വിളിച്ചിരുന്ന...
രാവിലെ കാലൊന്നു മടങ്ങിയ അസഹ്യമായ വേദനയിലാണ് ഇന്നലെ വൈകുന്നേരം ഡോക്ടറുടെ വീട്ടിലെത്തിയത്. സാമാന്യം നല്ല തിരക്ക്. അവിടെ ഇരിക്കുന്നവരില്‍ ആരൊക്കെയാണ് രോഗികള്‍ എന്ന് വേദന കൊണ്ടുള്ള ഓരോരുത്തരുടെയും മുഖഭാവത്തില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. അതിനിടയിലൂടെ ഊര്‍ജ്വസ്വലയായി ഓടി കളിക്കുകയാണ് ഒരു നീല ഉടുപ്പുകാരി കുട്ടിക്കുറുമ്പി. എല്ലാവരുടെയും ശ്രദ്ധ അവളിലേക്ക് തിരിയാന്‍ അധികം സമയമെടുത്തില്ല. തിളക്കമുള്ള കണ്ണുകളുള്ള ചെമ്പന്‍ മുടിക്കാരി, എല്ലാവരുടെയും അരികിലെത്തുന്നുണ്ട് ചിരിച്ചു കൊണ്ട്. അമ്മുമ്മയാകണം വീഴാതെ നോക്കി കൊണ്ട് ആ കുഞ്ഞിന്റെ പിറകെ നടക്കുന്നുണ്ട്. അച്ഛന്റെ കയ്യിലിരുന്നു ഇതൊക്കെ കണ്ടു ഒരു മഞ്ഞ ഉടുപ്പുകാരി എന്റെ അടുത്തുണ്ടായിരുന്നു. എപ്പോഴും ചിരിച്ച മുഖമുള്ള അവള് അച്ഛനോട് ഏതോ ഭാഷയില്‍ സംസാരിക്കുന്നുണ്ട്. അടുത്ത് നിന്ന വേപ്പിന് മരത്തില്‍ നിന്ന് ഒരു തണ്ടില ആശാത്തി എത്തി പിടിച്ച് കയ്യിലാക്കി. ഇത് കണ്ടിട്ടാകണം നീലക്കുറുമ്പി മഞ്ഞക്കുറുമ്പിയുടെ അടുത്തെത്തിയത്. എത്ര പെട്ടെന്നാണ് ആ കുഞ്ഞുങ്ങള്‍ സൌഹൃദത്തിലായത്. അവരുടേതായ ഏതോ ഭാഷയില്‍ ചിരിച്ച് സന്തോഷിച്ച് അവര്‍ സംസാരിച്ചുക്കൊണ്ടിരുന്നു...